
ചാവക്കാട്: കഞ്ചാവ് വലിക്കുന്നത് ചോദ്യംചെയ്തതിന് വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർക്ക് അഞ്ചു വർഷം കഠിനതടവും 20,000 രൂപ പിഴയും.
തെക്കഞ്ചേരി വലിയകത്ത് ജബ്ബാർ (51), ഒരുമനയൂർ ഒറ്റത്തെങ്ങ് രായംമരക്കാർ വീട്ടിൽ ഷനൂപ് (29) എന്നിവരെയാണ് ചാവക്കാട് അസി. സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ജബ്ബാർ ഒന്നാം പ്രതിയും ഷനൂപ് മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി ഒരുമനയൂർ തെക്കഞ്ചേരി പെരിങ്ങാടൻ അജിത്ത് ഒളിവിലാണ്. 2019 നവംബറിൽ രാത്രിയാണ് സംഭവം.
ഒരുമനയൂരിൽ തെക്കുംതല വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ സുമേഷിനെയാണ് (39) വധിക്കാൻ ശ്രമിച്ചത്. പ്രതികൾ തെക്കഞ്ചേരിക്കടുത്തുള്ള പാലത്തിലിരുന്ന് കഞ്ചാവ് വലിക്കുന്നത് സുമേഷ് ചോദ്യംചെയ്തിരുന്നു.
ഈ വിരോധത്താൽ പ്രതികൾ സുമേഷിന്റെ തെക്കഞ്ചേരിയിലുള്ള ഭാര്യവീട്ടിലേക്ക് അതിക്രമിച്ചുകയറി സുമേഷിന്റെ വയറിൽ കത്തികൊണ്ട് കുത്തി. ആളുകൾ ഓടിക്കൂടിയത്തോടെ പ്രതികൾ രക്ഷപ്പെട്ടു. പിഴത്തുക സുമേഷിന് നൽകണമെന്ന് കോടതി നിർദേശിച്ചു. കേസിൽ സുമേഷിന്റെ ഭാര്യയുടെ മൊഴിയാണ് നിർണായകമായത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് കെ.ആർ. രജിത് കുമാർ ഹാജരായി.

