ചെറുതുരുത്തി: കാട്ടാനശല്യത്തെ തുടർന്ന് പൊറുതിമുട്ടി മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് നിവാസികൾ. ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി തെങ്ങ്, വാഴ ഉൾപ്പെടെ കൃഷികൾ നശിപ്പിച്ചു. വാർഡ് ഒമ്പത് വളവ് കോക്കൂരിക്കുണ്ട്, വാഴക്കോട് ഇന്ദിരാജി നഗർ തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച പുലർച്ചെ കാട്ടാനയിറങ്ങിയത്. വാഴ, തെങ്ങ്, പന, മാവ്, പ്ലാവ് ഉൾപ്പെടെയുള്ളവ കുത്തി മുറിച്ച് നശിപ്പിച്ചിട്ടുണ്ട്.
കോക്കൂരികൊണ്ട് ചരുവിൽ വീട്ടിൽ സുമതിയുടെ വീടിന് 50 മീറ്റർ അകലെ വരെ കാട്ടാന വന്നു. തിങ്കളാഴ്ച നാലുമണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് കാട്ടാനയെ കണ്ടത്. പരിഭ്രാന്തിയിലായ വീട്ടുകാർ ഉടൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കാട്ടാന ശല്യത്തിന് അറുതി വരുത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സുമതി ആവശ്യപ്പെട്ടു.