
തൃശൂർ: തൃശൂർ പൂരം പ്രദർശനനഗരിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഔദ്യോഗിക അവസാനം. വർധനയില്ലാതെ നിലവിലെ വാടകക്കെന്ന് വ്യക്തമാക്കി സ്ഥലം അനുവദിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് പൂരം പ്രദർശന കമ്മിറ്റിക്ക് ഉത്തരവ് നൽകി. ഫെബ്രുവരി 15 മുതല്‍ ജൂൺ 30 വരെയുള്ള ദിവസങ്ങളിലേക്കായി 264750 ചതുരശ്ര അടിസ്ഥലമാണ് പൂരം പ്രദർശനത്തിനായി അനുവദിച്ചത്. കഴിഞ്ഞ വർഷം 39 ലക്ഷം വാടകയും ജി.എസ്.ടിയുമടക്കമാണ് 42 ലക്ഷം നൽകിയിരുന്നത്. ഇത്തവണ ദേവസ്വങ്ങൾക്ക് നൽകിയ ഉത്തരവിൽ നിലവിലെ വാടകക്ക് എന്ന് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. തുക വ്യക്തമാക്കിയിട്ടില്ല. പൂരം പ്രദർശന നഗരിയുടെ തറവാടകയായി 2.20 കോടി വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതാണ് വിവാദത്തിലായത്. ഇതോടെ പ്രതിഷേധമുയർത്തിയ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പൂരം ചടങ്ങ് മാത്രമാക്കുമെന്ന് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ദേവസ്വങ്ങളെ പിന്തുണച്ച് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ദേവസ്വം മന്ത്രിയും റവന്യൂമന്ത്രിയും തമ്മിൽ ചർച്ചയിൽ തീരുമാനമാവാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് വാടക വാർധനയില്ലാതെ കഴിഞ്ഞതവണ നല്കിയ നിരക്കിൽ പ്രദർശന നഗരി വിട്ടുനല്‍കാമെന്ന് ധാരണയായത്. മറ്റ് വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഡിസംബര്‍ 29ന് നടന്ന യോഗ തീരുമാനം സർക്കാർ കോടതിയെ അറിയിക്കുമെന്നായിരുന്നു ധാരണ. ജനുവരി നാലിന് കേസ് പരിഗണിച്ചുവെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചില്ല. ഇക്കഴിഞ്ഞ 17നാണ് യോഗത്തിന്റെ മിനുട്സ് സര്‍ക്കാര്‍ തയാറാക്കിയത്.
ഇതില്‍ വാടക 42 ലക്ഷമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം അനുവദിച്ചുള്ള ബോർഡ് ഉത്തരവ് ഈ മാസം എട്ടിന് പുറത്തിറക്കിയെങ്കിലും പ്രദർശന കമ്മിറ്റിക്ക് ഔദ്യോഗികമായി കൈമാറിയത് വ്യാഴാഴ്ചയാണ്. കോടതി ഉത്തരവുകള്‍ക്ക് വിധേയമായിരിക്കും ഈ ഉത്തരവെന്നും ബോർഡ് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.