ചേർപ്പ്: പെരിഞ്ചേരിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പരിസരം വൃത്തിയായി സൂക്ഷിക്കാത്ത ഹോട്ടൽ അടപ്പിച്ചു. ‘ഹെൽത്തി കേരള’ കാമ്പയിന്‍റെ ഭാഗമായി ചേർപ്പ് പഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, ബേക്കറി, ഫിഷ് സ്റ്റാൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ‘ടേസ്റ്റി ഫുഡ് കോർണർ’ അടപ്പിച്ചത്.
ഊരകം ബിസ്മി ഫിഷ് സ്റ്റാൾ, ലുലു ഫിഷ് സ്റ്റാൾ എന്നിവക്ക് മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിയതിന് പിഴ ചുമത്തി. പുകയില നിയന്ത്രണ നിയമം പാലിക്കാതെ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും പിഴ ഈടാക്കിയുണ്ട്. ചേർപ്പ് സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.ജെ. ആന്റോ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് മുജീബ്, എ.ഐ. പുഷ്പവല്ലി, ലൗലി, എസ്.പി. മണികണ്ഠൻ, കെ.എൽ. ആന്‍റോ എന്നിവർ നേതൃത്വം നൽകി.
തളിക്കുളം: ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഗ്രിൽ മാക്ഫാസ്റ്റ് ഫുഡ്, ബേക്കറി, അലിഫ് അറേബ്യൻ എന്നിവിടങ്ങളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചതിനും ഫുഡ് പാലസ് ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചതിനും മലിനജല സംസ്കരണ സംവിധാനങ്ങൾ, ഹെൽത്ത് കാർഡ് എന്നിവ ഇല്ലാത്തതിനും പ്രവാസി ടീ ഷോപ്പിന് ലൈസൻസ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്തതിനും 4000 രൂപ പിഴ ഈടാക്കി.
പരിശോധനക്ക് തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. വിദ്യാസാഗർ, തളിക്കുളം ഗ്രാമപഞ്ചായത്ത് ജീവനക്കാരായ കെ.പി. റെനി, എ.എം. റിഹാസ് എന്നിവർ നേതൃത്വം നൽകി.