
മാള: അന്നമനടയിൽ ഒറ്റക്കു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കല്ലൂർ വെണ്ണൂപാടം സ്വദേശി മങ്ങാട്ടുപറമ്പിൽ വീട്ടിൽ രാഹുലിനെയാണ് (30) മാള എസ്.എച്ച്.ഒ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് മുമ്പും പലതവണ പരാതിക്കാരിയായ സ്ത്രീയുടെ വീട്ടിൽ പ്രതി ആക്രമണം നടത്താൻ ശ്രമിച്ചിട്ടുണ്ട്. കറുകുറ്റിയിലെ വാഹന മെക്കാനിക്കാണ് പ്രതി. അന്വേഷണ സംഘത്തിൽ സബ് ഇസ്പെക്ടർ വി.വി. വിമൽ, സ്പെഷൽ ബ്രാഞ്ച് ഓഫിസർ മുരുകേഷ് കടവത്ത്, സീനിയർ സിവിൽ ഓഫിസർ ജിബിൻ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.