
ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറേ നടയിൽ സ്ത്രീവേഷത്തിലെത്തി കുട്ടികൾക്ക് ലഹരിമരുന്ന് വിൽക്കാൻ ശ്രമിച്ച സംഘത്തെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശി പ്രസാദ്, നാല് കൂട്ടാളികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് സ്ത്രീവേഷം ധരിച്ച് സംശയ സാഹചര്യത്തിൽ പ്രസാദിനെ കണ്ടെത്തിയത്.
പേരും വിലാസവും ചോദിച്ചപ്പോൾ പരസ്പരവിരുദ്ധ മറുപടി നൽകിയതിനെ തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തൃശൂരിലെ സ്പായിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാൻ വന്നതാണെന്നാണ് ആദ്യം പറഞ്ഞതെങ്കിലും, പ്രാഥമികാന്വേഷണത്തിൽ ഇയാൾ ഇടുക്കി സ്വദേശിയാണെന്നും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും വ്യക്തമായി.
തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് ഇയാൾ നാല് കൂട്ടാളികൾക്കൊപ്പം ഇന്നോവ കാറിലാണ് ഗുരുവായൂരിലെത്തിയതെന്ന് വ്യക്തമായത്. ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ കണ്ടെത്തുകയും അതിൽ ഒളിപ്പിച്ച നിലയിൽ 16 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. ഗുരുവായൂരിലും പരിസരങ്ങളിലുമുള്ള കുട്ടികൾക്ക് ലഹരിമരുന്ന് വിൽപന നടത്താനാണ് എത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ടെമ്പിൾ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സന്തീഷ്, റമീസ്, സാജൻ, ശ്രീജ, രഞ്ജിത്ത്, ഗഗേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
