കുന്നംകുളം: പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും വളർത്താൻ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂർക്കുളം പഞ്ചായത്തിൽ എൻ.കെ.അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അദ്ധ്യക്ഷത വഹിച്ചു.
പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്കായി ആയോധന കലകളിൽ പരിശീലനം നൽകുന്നതാണ് പദ്ധതി. കളരിപ്പയറ്റിലാണ് പുന്നയൂർക്കുളത്ത് പരിശീലനം. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളുണ്ടാകും. ചാവക്കാട്, കൊടുങ്ങല്ലൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. 10 മുതൽ 15 വയസ് വരെയുള്ള 30 പെൺകുട്ടികളെ വീതം തെരഞ്ഞെടുത്തിട്ടുണ്ട്. വല്ലഭട്ട കളരിയിലെ കൃഷ്ണദാസ് ഗുരുക്കളുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കായി കളരി അഭ്യാസം അരങ്ങേറി. കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗത്തെക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം അഡ്വ.എ.എം.സിമി ക്ലാസെടുത്തു.