

ചിറക്കൽ പാലം നിർമാണത്തിനുവേണ്ടി നിർമിച്ച താൽക്കാലിക ബണ്ട് റോഡ് അടച്ച നിലയിൽ
തൃപ്രയാർ: തൃപ്രയാർ-ചേർപ്പ് റോഡിൽ ചിറക്കൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലിക ബണ്ട് റോഡും അടച്ചുപൂട്ടി ഗതാഗത നിരോധനം നടപ്പാക്കി. ഇരുച്ചക്ര വാഹന യാത്രക്കാർക്ക് മരണക്കെണിയിലേക്കുള്ള വഴി ചൂണ്ടിയ ബോർഡുകൾ സ്ഥാപിച്ചാണ് താൽക്കാലിക റോഡും അടച്ചുപൂട്ടിയത്.
കിഴക്കുനിന്നുവരുന്ന ഇരുച്ചക്ര വാഹനങ്ങൾ ഇഞ്ചമുടി മാട് വഴി ചിറക്കൽ കനാൽ ബെയ്സിലൂടെ വടക്കോട്ട് യാത്ര ചെയ്ത് ഉറപ്പില്ലാത്തതും കൈവരികളില്ലാത്തതും വീതികുറഞ്ഞതുമായ നടപ്പാലത്തിലൂടെ പടിഞ്ഞാറോട്ട് കടന്ന് ബണ്ടിലൂടെ കോട്ടത്ത് എത്തി തെക്കോട്ട് സഞ്ചരിച്ച് മെയിൻ റോഡിലെത്താം.

ചിറക്കൽ തോടിനു കുറുകെ മാട് ഭാഗത്ത് ബൈക്ക് കടന്നുപോകുന്ന കൈവരികളില്ലാത്ത നടപ്പാലം
മാട് ഭാഗത്തുള്ള കനാലിനു കുറുകെയുള്ള വീതികുറഞ്ഞ നടപ്പാലത്തിലൂടെയുള്ള ഇരുച്ചക്ര വാഹനങ്ങളുടെ ഈ യാത്ര അപകടം വരുത്തുന്നതാണ്. ഒരാഴ്ചക്കുള്ളിൽ നിരവധിപേർ കനാലിലേക്ക് വീഴുകയുണ്ടായി. സഹയാത്രികരും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനങ്ങൾ മൂലം ഇതുവരെ ആളപായമുണ്ടായില്ല. തൃശൂരിലേക്കും തൃപ്രയാറിലേക്കും ജോലിക്കുപോകുന്ന നൂറുക്കിനു സ്ത്രീ-പുരുഷ യാത്രക്കാരാണ് അപകടം മുന്നിൽ കണ്ടിട്ടും പാലത്തെ ആശ്രയിക്കുന്നത്.
ഇവിടേക്കുള്ള വഴികൾ മഴ പെയ്തതോടെ ചളി നിറഞ്ഞതുമായി. ബസ് യാത്രക്കാർക്ക് ചിറക്കൽ പാലത്തിനുസമീപം നിർമിച്ച നടപ്പാലത്തിലൂടെ കടന്ന് ഇരുകരകളിലും നിർത്തിയിട്ടിരിക്കുന്ന ബസുകളിൽ കയറാവുന്നതാണ്. താൽക്കാലിക പാലം അടച്ചതോടെ കച്ചവടക്കാരും, പാൽ, പത്രം എന്നിവയുടെ വിതരണക്കാരും പ്രതിസന്ധിയിലാണ്. പാലത്തിനു കിഴക്കൻ പ്രദേശത്തേക്കുള്ള പാചക ഗ്യാസ് വിതരണവും അവതാളത്തിലായിരിക്കുകയാണ്.
സ്കൂൾ, കോളജ് തുറക്കുന്നതോടെ യാത്രപ്രശ്നം വഷളാകും. താൽക്കാലിക ബണ്ട് റോഡ് നിർമിച്ചതിലെ അപാകതയാണ് യാത്ര തടസ്സപ്പെടാൻ കാരണം. താൽക്കാലിക ബണ്ട് റോഡ് നിർമിക്കാൻ അപ്രോച്ച് റോഡിന് സ്ഥലം ലഭ്യമാകാത്തതാണ് ഇപ്പോഴത്തെ ഗതാഗത തടസ്സത്തിന് കാരണമായത്. കിഴക്കേ കരയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം ലഭിക്കുമായിരുന്നെങ്കിൽ താൽക്കാലിക അപ്രോച്ച് റോഡ് നിർമിക്കാമായിരുന്നു.
കരാറുകാർക്കോ സർക്കാറിനോ താങ്ങാൻ കഴിയാത്ത വാടക ഭൂമിക്ക് നൽകണമെന്ന സ്വകാര്യ വ്യക്തിയുടെ ആവശ്യം അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇതോടെ പഴയ പാലത്തിനോട് ചേർന്നുതന്നെയാണ് താൽക്കാലിക ബണ്ട് റോഡ് നിർമിച്ചിരിക്കുന്നത്. ഇതാകട്ടെ ഉറപ്പുകുറവുള്ളതുമാണ്.
റോഡിന്റെ ഉപരിതലമാണെങ്കിൽ കല്ലുകളിട്ട് നിരപ്പാക്കാതെയുമാണ്. വാഹനങ്ങൾ ചാടിച്ചാടിയാണ് ഇതിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ വർഷക്കാലത്ത് കനാലിൽ വെള്ളം പൊങ്ങിയപ്പോഴും ഉറപ്പു കുറവുമൂലം താൽക്കാലിക ബണ്ട് റോഡിലൂടെ വലിയ വാഹനങ്ങൾ കടത്തിവിട്ടില്ല. ജില്ലയിലെ പ്രധാന റോഡുകളിലൊന്ന് കൂടിയാണിത്.
യാത്രക്കാർക്ക് സുരക്ഷിതവും പാലം നിർമാണത്തിന് തടസ്സവുമില്ലാത്ത രീതിയിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം ലഭിക്കാത്ത സാഹചര്യത്തിൽ എം.എൽ.എയും പഞ്ചായത്ത് ഭരണസമിതിയും നിഷ്ക്രിയരായെന്നാണ് ആക്ഷേപം.
ദിവസത്തിൽ പതിനായിരക്കണക്കിന് യാത്രക്കാരെ വലക്കുന്ന പ്രശ്നം ഹൈകോടതിയുടെ മുന്നിൽ പൊതുതാൽപര്യ ഹരജിയായി സമർപ്പിക്കാൻ ഇവർ ആരും തയാറായില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം.
തിടുക്കത്തിൽ പാലം പൊളിക്കുകയും സുരക്ഷിതമല്ലാത്ത താൽക്കാലിക ബണ്ട് നിർമിച്ച് ഇടക്കിടക്ക് ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ പ്രയാസപ്പെടുത്തുകയാണ് അധികൃതർ ഇപ്പോൾ ചെയ്തുവരുന്നത്.