

കൊടകര വട്ടേക്കാട് നിര്‍ധനകുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന കിണറിനു സമീപം ലവറന്തിയോസ്
കൊടകര: സ്വന്തമായി കിണറില്ലാത്തതിനാല്‍ കുടിവെള്ളം ശേഖരിക്കാന്‍ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് കനിവിന്റെ കരസ്പര്ശമേകുകയാണ് കൊടകരയിലെ ലവറന്തിയോസ് ആലപ്പാട്ട്. പേരുപോലെ വ്യത്യസ്തമാണ് ഈ 56കാരന്റെ കരുണയൂറുന്ന മനസ്സും. നിര്‍ധനകുടുംബങ്ങള്‍ക്ക് സൗജന്യമായി കിണറുകള്‍ നിര്മിച്ചുകൊടുക്കുന്നതിന് ലവറന്തിയോസിനെ ഉപദേശിച്ചത് അമ്മ വെറോനിക്കയാണ്. രണ്ട് വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞുപോയെങ്കിലും പതിനഞ്ചുവര്‍ഷം മുമ്പ് അമ്മ കാണിച്ചുതന്ന കാരുണ്യത്തിന്റെ വഴിയിലൂടെ മുന്നോട്ടുപോകുകയാണ് കാല്‍നൂറ്റാണ്ടോളം പ്രവാസിയായിരുന്ന ലവറന്തിയോസ്.
സൗദിയില്‍ ജോലിചെയ്തിരുന്ന ലവറന്തിയോസ് ഒരിക്കല്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വീടിനടുത്തുള്ള നിര്‍ധന വീട്ടമ്മ കിണര്‍കുഴിക്കാന്‍ സഹായം തേടി വീട്ടിലെത്തി. അവര്‍ക്ക് സഹായം നല്‍കിയെങ്കിലും കിണര്നിര്മാണത്തിന് ആ തുക തികയാത്തതിനാല്‍ അവര്‍ ശ്രമം ഉപേക്ഷിച്ചു. ഇതറിഞ്ഞ വെറോനിക്ക മകനോട് നിർദേശിച്ചത് ആ നിര്‍ധന കുടുംബത്തിന് ഒരു കിണര്‍ നിര്‍മിച്ചുനല്‍കാനായിരുന്നു.
ലവറന്തിയോസ് അമ്മയുടെ നിർദേശം അനുസരിച്ചു. പിന്നീട് പ്രവാസം മതിയാക്കി നാട്ടിൽ ബിസിനസ് ആരംഭിച്ചപ്പോഴും നിര്‍ധന കുടുംബങ്ങള്‍ക്ക് കിണര്‍ നിര്‍മിച്ചുനല്‍കുന്ന കാരുണ്യപ്രവൃത്തിക്ക് മുടക്കം വരുത്തിയില്ല. പഞ്ചായത്തംഗങ്ങളോ പൊതുപ്രവര്‍ത്തകരോ നിർദേശിക്കുന്ന കുടുംബങ്ങള്‍ക്കാണ് സൗജന്യമായി കിണര്‍ നിര്‍മിച്ചുനല്‍കുന്നത്. രാഷ്ടീയ, മതചിന്തകൾ ഇക്കാര്യത്തില്‍ ലവറന്തിയോസിനില്ല.
കൊടകര പഞ്ചായത്ത് പരിധിയിലുള്ളവരും വീടിനോടു ചേര്‍ന്ന് കിണര്‍ നിര്‍മാണത്തിനാവശ്യമായ ഭൂമിയുള്ളവരും ആകണമെന്നത് മാത്രമാണ് നിബന്ധന. ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ കുടുംബങ്ങള്‍ക്കായി അതിര്‍ത്തി കിണര്‍ നിര്‍മിച്ചു നല്‍കാറുണ്ട്. കൊടകര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ഇതിനോടകം 29 കിണറുകള്‍ ഇത്തരത്തില്‍ ലവറന്തിയോസ് നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. കൊടകര വട്ടേക്കാടുള്ള രണ്ടുകുടംബങ്ങള്ക്കായാണ് 29ാമത്തെ കിണര്‍ പൂര്‍ത്തിയാക്കുന്നത്. സാഹചര്യം അനുവദിക്കുന്നിടത്തോളം അമ്മയുടെ ഓര്‍മക്കായി ഈ കാരുണ്യപ്രവൃത്തി തുടരുമെന്ന് ലവറന്തിയോസ് പറഞ്ഞു.
കൊടകരയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാരനായ ഇദ്ദേഹം വരുമാനത്തില്‍നിന്ന് ഒരു വിഹിതം വര്‍ഷം തോറും ഇതിനായി മാറ്റിവെക്കുകയാണ്. ഭാര്യ പ്രസിയും വിദേശത്തുള്ള മകള്‍ അക്കീനയും മകന് സ്വദേശും ലവറന്തിയോസിന്റെ ഈ സല്പ്രവൃത്തിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് കൊടകരയിലെ മിനി സിവില്സ്റ്റേഷന് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ലവറന്തിയോസിനെ വേദിയില്‍ അനുമോദിച്ചിരുന്നു.