
കുന്നംകുളം: ജില്ല സ്കൂൾ കലോത്സവത്തിന് ഡിസംബർ മൂന്നുമുതൽ കുന്നംകുളത്ത് തുടക്കമാകും. മൂന്നിന് ആരംഭിക്കുന്ന കലോത്സവം അഞ്ച്, ആറ്, ഏഴ് തീയതികളിലുമായി വിവിധ സ്കൂളുകളിലെ വേദികളിൽ അരങ്ങേറും. കലോത്സവത്തിന്റെ ലോഗോ പ്രകാശനം സംഘാടകസമിതി ചെയർമാൻ എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ വിവിധ വേദികളും മത്സര ഇനങ്ങളും വഴികളും ഉൾപ്പെടുത്തി പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ kalolsavam2024.blogspot.com എന്ന ബ്ലോഗിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൻ നിർവഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.എം. സുരേഷ്, പി. സോമശേഖരൻ, പി.കെ. ഷെബീർ, സജിനി പ്രേമൻ എന്നിവരും കൗൺസിലർമാരായ ബിജു വി. ബേബി, മിനി മോൺസി, മിഷ സെബാസ്റ്റ്യൻ, ലീല ഉണ്ണിക്കൃഷ്ണൻ എന്നിവരും സംസാരിച്ചു.

