
തൃശൂര്‍: ആര്.എസ്.എസിന്റെ വളര്‍ച്ചയിലുള്ള ഭയവും അസൂയയുമാണ് സംഘത്തിനെതിരായ നുണപ്രചാരണത്തിന് പിന്നിലെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്. തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം സംഘം തൃശൂര്‍ പൂരം അലങ്കോലമാക്കിയതുകൊണ്ടാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇത്തരം അസൂയയില്‍ നിന്നുണ്ടായതാണ്.
തോല്‍വി അംഗീകരിക്കാനും സുരേഷ് ഗോപിയുടെ വിജയം എന്തുകൊണ്ടെന്ന് മനസ്സിലാക്കാനുമുള്ള വിവേകം പോലും ഇവര്‍ക്ക് നഷ്ടമായിരിക്കുന്നു. ആര്.എസ്.എസ് തൃശൂരിൽ നടത്തിയ വിജയദശമി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാധാകൃഷ്ണൻ.
തൃശൂര്‍പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ്. പൂരം മാത്രമല്ല ശബരിമല ഉള്‍പ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളും ഉത്സവങ്ങളും തകര്‍ക്കാന്‍ വര്‍ഷങ്ങളായി ഗൂഢനീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ നടന്ന പഥസഞ്ചലനം വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. മഹാനഗര്‍ സംഘചാലക് ഡോ. പി.വി. ഗോപിനാഥന്, സഹകാര്യവാഹ് ടി. ഹരിഗോവിന്ദന്, ബൗദ്ധിക് പ്രമുഖ് കെ. രാധാകൃഷ്ണന് തുടങ്ങിയവരും സംസാരിച്ചു.

