
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ് ശല്യം വര്‍ധിച്ചു. ഒരാഴ്ചക്കിടെ വിവിധയിടങ്ങളിലായി അഞ്ചുപേര്‍ക്ക് കടിയേറ്റു. കടമ്പോട്, മാങ്കുറ്റിപ്പാടം, കോടാലി എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കള്‍ കാല്‍നടയാത്രക്കാരെ ആക്രമിച്ചത്.
കോടാലി ടൗണിലും പരിസരങ്ങളിലുമായി രാപ്പകല്‍ ഭേദമില്ലാതെ തെരുവുനായ്ക്കള്‍ കൂട്ടംകൂടി നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് പേടി സ്വപ്നമായിരിക്കുകയാണ്. സ്കൂള്‍ പരിസരങ്ങളിലും നായ്ക്കള്‍ തമ്പടിക്കുന്നുണ്ട്. വെള്ളിക്കുളങ്ങര, കൊടുങ്ങ പ്രദേശങ്ങളിലും അലഞ്ഞുതിരിയുന്ന നായ്ക്കള്‍ ജനങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

