ചാലക്കുടി: ദേശീയപാതയിൽ യാത്രക്കാരെ മർദിച്ച് പുറത്തിറക്കി കാർ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി പിടിയിലായി. ആലുവ വെസ്റ്റ് ആലങ്ങാട് പള്ളത്ത് വീട്ടിൽ താരിസാണ് (32) പിടിയിലായത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 19നാണ് കേസിനാസ്പദ സംഭവമുണ്ടായത്.
കുഴൽപ്പണം കടത്തുന്നതാണെന്ന് സംശയിച്ച് അത് കൈവശപ്പെടുത്താനാണ് മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടിപ്പുഴ പാലത്തിൽ മറ്റുവാഹനങ്ങൾ ഉപയോഗിച്ച് തടഞ്ഞശേഷം യാത്രക്കാരെ ആക്രമിച്ച് വലിച്ചിറക്കിയാണ് കാർ തട്ടിയെടുത്തത്.
മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പറുള്ള ചുവപ്പ് കാറിലെത്തിയവരാണ് കാർ തട്ടിയെടുത്തതെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവം കണ്ട് അക്രമികളെ തടയാൻ ശ്രമിച്ച ലോറി ഡ്രൈവറെ സംഘം മർദിക്കാനും ശ്രമിച്ചു. ലോറിയുടെ കണ്ണാടിയും മറ്റും സംഘം തകർത്തിരുന്നു.
രണ്ട് മാസം മുമ്പ് സംഘത്തിലെ മൂന്നുപേരെ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ഒളിയിടങ്ങളിൽനിന്ന് പിടികൂടിയിരുന്നു. കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുള്ളതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒളിവിൽ കഴിയുകയായിരുന്നു താരിസ്.
വീട്ടുകാരെ രഹസ്യമായി നിരീക്ഷിച്ചാണ് ഒളിയിടം കണ്ടെത്തിയത്. ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, സബ് ഇൻസ്പെക്ടർമാരായ സിദ്ദീഖ് അബ്ദുൽഖാദർ, ജോഫി ജോസ്, സീനിയർ സി.പി.ഒമാരായ ബൈജു, നിഖിലൻ, അരുൺ കുമാർ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ ഒ.എച്ച്. ബിജു എന്നിവരടങ്ങിയ സംഘമാണ് താരിസിനെ പിടികൂടിയത്. താരിസിനെ കോടതിയിൽ ഹാജരാക്കി.