ചെറുതുരുത്തി: ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ 150ഓളം വരുന്ന ചങ്ങാലിക്കോടൻ നേന്ത്രവാഴകൾ കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും നിലംപൊത്തി. പ്രശസ്തമായ ചങ്ങാലിക്കോടൻ നേന്ത്രവാഴ മുള്ളൂർക്കര പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്. കർഷകനായ ആറ്റൂർ മണ്ഡലംകുന്ന് നരിപ്പറ്റ പ്രതീഷ് ബാബുവിന്റെ പ്രയത്നമാണ് കാറ്റിൽ മഴയിലും തകർന്നുപോയത്.
ഏഴുമാസം പരിപാലിച്ച്പോന്ന വാഴകൾ നിലംപൊത്തിയതോടെ ദുരിതക്കയത്തിലായിരിക്കുകയാണ് കെ.എസ്.ഇ.ബി ഓവർസിയർ കൂടിയായ ബാബു. ഏഴുവർഷമായി ഈ കൃഷിയുമായി ഇദ്ദേഹം മുന്നോട്ടുപോവുന്നുണ്ട്. പണയംവെച്ചും വായ്പ എടുത്തുമാണ് ഇദ്ദേഹം കൃഷിക്ക് പൈസ ഇറക്കിയത്.
ഓണമെത്തിയാൽ നിരവധി ആളുകളാണ് വാഴക്കുല വാങ്ങാനായി ഇദ്ദേഹത്തെ സമീപിക്കാറ്. ഗുരുവായൂരപ്പന് കണിവെക്കാൻ ഏറ്റവും നല്ല പഴം ചങ്ങാലിക്കോടന്റേതായതിനാൽ നല്ല ഡിമാന്റാണ്. നല്ല രീതിയിൽവിളവ് തരുന്ന 50ഓളം കപ്പ തറിയും നശിച്ചുപോയി.
മുള്ളൂർക്കര കൃഷിഭവൻ ഓഫിസിൽ പരാതി നൽകാനിരിക്കുകയാണ് ഇദ്ദേഹം. അധികൃതർ ധനസഹായം നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.