തൃശൂർ: ചേർപ്പ് ചിറക്കൽ സഹർ കൊലക്കേസിൽ പിടിയിലായ പ്രതികളെ തൃശൂരിലെത്തിച്ചു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ നിന്നും പിടികൂടിയ മൂന്ന് പേരെയാണ് രാത്രി എട്ടോടെ ട്രെയിനിൽ തൃശൂരിലെത്തിച്ചത്. അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെയാണ് നാട്ടിൽ എത്തിച്ചത്. നിരഞ്ജൻ, സുഹൈൽ എന്നിവർ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ്. അരുൺ, അമീർ എന്നിവർ സഹറിനെ ആക്രമിച്ച സംഘത്തിലുൾപ്പെട്ടവർ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ വിശദമായി ചോദ്യം ചെയ്ത് മറ്റ് പ്രതികളെ കുറിച്ച് അറിയാനാണ് ശ്രമം.
ഫെബ്രുവരി 18നാണ് ബസ് ഡ്രൈവർ സഹറിനെ സംഘം ചേർന്ന് ചേർപ്പ് ചിറക്കൽ കോട്ടത്തുള്ള തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് സംഘം ചേർന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ഏഴിനാണ് സഹർ മരിച്ചത്. കേസിൽ ഇതുവരെയായി എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്.