കുന്നംകുളം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ഉച്ചക്കുശേഷം ഒന്നരയോടെ വൻ പൊലീസ് സംഘമാണ് പ്രതി കണ്ണൂർ ഇരിട്ടി ഇസ്മായിലിനെ കൊണ്ടുവന്നത്. കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജ്, സി.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. വൻ ജനക്കൂട്ടവും സ്ഥലത്തുണ്ടായിരുന്നു.
പ്രതിക്കെതിരെ ധർമടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ടൗൺ, ഫറൂക്ക്, നല്ലളം, കായംകുളം, പത്തനാപുരം, കളമശേരി പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. മോഷണ കേസിൽ രണ്ട് മാസമായി മാവേലിക്കര ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ഇറങ്ങിയത്.
തുടർന്ന് ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ മോഷണമായിരുന്നു കുന്നംകുളത്ത് നടത്തിയത്. ആഴ്ചകൾക്ക് മുമ്പ് പുനലൂരിൽ ഒരു വീട്ടിൽ സമാന രീതിയിൽ മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ സി.സി.ടി.വി കാമറകളാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ ഒമ്പതുദിവസത്തിനകം പ്രതിയെ വലയിലാക്കാനായി.