കൊടുങ്ങല്ലൂർ: മൃഗചികിത്സ സംവിധാനങ്ങൾ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കയ്പമംഗലം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സേവനം ലഭിക്കുന്ന രീതിയിൽ മൊബൈൽ വെറ്ററിനറി യൂനിറ്റ് സജ്ജമാക്കുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന 1962 എന്ന ടോൾഫ്രീ നമ്പറിൽ ഒരു കേന്ദ്രീകൃത കോൾ സെന്റർ വഴിയാണ് പ്രവർത്തനം.
കന്നുകാലികളെ വളർത്തുന്നവരിൽനിന്ന് കോളുകൾ സ്വീകരിക്കുകയും അവ കോൾ സെന്ററിലെ വെറ്ററിനറി ഡോക്ടർക്ക് കൈമാറുകയും ചെയ്യും. വെറ്ററിനറി സർജൻ, പാരാവെറ്ററിനറി സ്റ്റാഫ്, ഡ്രൈവർ കം അറ്റെൻഡർ എന്നിവർ വാഹനത്തിൽ ഉണ്ടായിരിക്കും. ഉച്ചക്ക് ഒന്നുമുതൽ രാത്രി എട്ടുവരെയാണ് സേവനം.
യൂനിറ്റിൽ രോഗനിർണയ ചികിത്സ, വാക്സിനേഷൻ, കൃത്രിമ ബീജസങ്കലനം, ചെറിയ ശസ്ത്രക്രിയകൾ, ദൃശ്യ-ശ്രവ്യ സഹായങ്ങൾ, ചികിത്സിക്കുന്നതിനുള്ള മറ്റ് ഉപകരണങ്ങൾ എന്നിവ ഉണ്ടാവും.
കന്നുകാലികൾക്കും കോഴികൾക്കും ചികിത്സക്ക് 450 രൂപയും കന്നുകാലികളുടെ കൃത്രിമ ബീജസങ്കലനത്തിന് അധികമായി 50 രൂപയും വളർത്തുമൃഗങ്ങൾക്ക് 950 രൂപയും ഒരേ പരിസരത്തെ കന്നുകാലി, വളർത്തുമൃഗങ്ങളുടെ ചികിത്സക്ക് 950 രൂപയുമാണ് ഫീസ് ഈടാക്കുക.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ എന്ന പദ്ധതിയുടെ കീഴിലാണ് യൂനിറ്റുകൾ പ്രവർത്തിക്കുകയെന്ന് ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു.