മണലാരണ്യങ്ങളിലെ മൈതാനങ്ങളിൽ ഫുട്ബോൾ കാറ്റ് വീശാൻ ഇരിക്കുന്നതേയുള്ളൂ. ലോകം മുഴുവൻ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശക്കാഴ്ചകളിലേക്ക് കണ്ണും കാതും മനസ്സും തുറന്നു വയ്ക്കുമ്പോൾ ഒരുപാട് ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചുകൊണ്ട് ഖത്തറിൽ നിറഞ്ഞു നിൽക്കുകയാണ് തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളജിലെ ( Thrissur Government Engineering College ) 28 പൂർവ വിദ്യാർഥികൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതിനായിരത്തോളം വോളന്റിയർമാരാണ് ഖത്തറിലെ ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് രാപ്പകൽ ഇല്ലാതെ ശരീരവും മനസും അർപ്പിച്ച് ഓടി നടക്കുന്നത്. ആയിരത്തിലധികം മലയാളി വോളന്റിയർമാർ കുട്ടത്തിലുണ്ട്. അക്കൂട്ടത്തിലാണ് ഈ 28 തൃശൂർ ജിഇസി പൂർവ വിദ്യാർഥികൾ.അവർക്ക് ഒരു പേരുണ്ട് – ക്യുഗെറ്റ്, ഖത്തർ അലുംനി ചാപ്റ്റർ ഓഫ് ഗവൺമെന്റ് എൻജിനീയറിംഗ് കോളജ് തൃശൂർ. qget-volunteers
ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് ഉദയം ചെയ്ത സംഘടനയല്ല ക്യൂ ഗെറ്റ്. 1991 ഡിസംബർ 19-ന് രൂപീകരിച്ചതു മുതൽ വിവിധ പ്രവർത്തനങ്ങളിൽ സജീവമായ ഒരു ഗ്രൂ പ്പാണ് ക്യൂ ഗെറ്റ്. നിലവിൽ ഏകദേശം 500 അംഗങ്ങളുണ്ട് ഈ കൂട്ടായ്മയിൽ. ( qget-members) എട്ട് ഘട്ടങ്ങളിലായി നടത്തിയ നിരീക്ഷണ അഭിമുഖ പരിശോധനകള്‍ക്കൊടുവിലാണ് വോളന്റിയര്‍മാരെ തെരഞ്ഞെടുത്തത്.
5 ലക്ഷത്തില്‍പരം അപേക്ഷകളാണ് ഫിഫ ലോകകപ്പിന്റെ വോളന്റിയറാകാന്‍ വേണ്ടി അയച്ചു കിട്ടിയത്. ഇതില്‍ നിന്നാണ് ആറ്റി കുറുക്കി ഏറ്റവും മികച്ച ഇരുപതിനായിരത്തോളം വോളന്റിയര്‍മാരെ തെരഞ്ഞെടുത്തിരിക്കുന്നത്.
എട്ടു മണിക്കൂറിന്റെ ഷിഫ്റ്റുകളാണ് വോളന്റിയർമാർക്കുള്ളത്. ക്യൂഗെറ്റിലെ 28 പേരടക്കം 20000 ത്തോളം വരുന്ന വോളന്റിയർമാരുടെ കൈയിലാണ് ഫിഫ ലോക കപ്പിന്റെ സുഗമമായ നടത്തിപ്പ് എന്ന് പറഞ്ഞാൽ പോലും തെറ്റില്ല. ഖത്തറിൽ വർഷങ്ങളായി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഈ 28 പേരും. ഫാൻസ് സപ്പോർട്ട്, മീഡിയ ഓപ്പറേഷൻ, ഫുട്ബോൾ ടെക്നോളജി, ഹോസ്പിറ്റാലിറ്റി, ഗസ്റ്റ് പ്രമോഷൻ, ട്രാൻസ്പോർട്ടേഷൻ എന്നീ വിഭാഗങ്ങളിലാണ് ക്യു ഗെറ്റ് അംഗങ്ങൾ വോളന്റിയർമാരായി സേവനമനുഷ്ഠിക്കുന്നത്. ഇവർക്കുള്ള പരിശീലനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
2021ൽ ഖത്തറിൽ നടന്ന ഫിഫ അറബ് കപ്പ് ടൂർണമെന്റിൽ ക്യൂ ഗെറ്റിന്റെ 13 വോളന്റിയർമാരാണ് സേവനമനുഷ്ഠിച്ചത്. അതിൽ നിന്നും ലഭിച്ച പരിചയ സമ്പന്നതയും ആവേശവും പിന്തുണയും എല്ലാം ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ വോളന്റിയർമാരാകാൻ തങ്ങൾക്ക് ഏറെ പ്രചോദനം നൽകിയതായി ക്യു ഗെറ്റ് കൺവീനർ ഡയസ് തോട്ടാൻ പറഞ്ഞു.
Sreejith Sreedharan