

വാഴച്ചാൽ വെള്ളച്ചാട്ടം
അതിരപ്പിള്ളി: വേനൽമഴ സീസണിൽ വിനോദ സഞ്ചാരികൾക്ക് വാഴച്ചാൽ വെള്ളച്ചാട്ടം പ്രിയങ്കരമാകുന്നു. വാഴച്ചാലിന് ഏകദേശം നാലുകിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് പ്രധാനമെങ്കിലും വെള്ളം കുറവായ സാഹചര്യത്തിൽ പാറക്കെട്ടുകളിലൂടെ പരന്നൊഴുകുന്ന വാഴച്ചാലാണ് ആകർഷണീയമായി അനുഭവപ്പെടുന്നത്. രണ്ടുചെറിയ നീർച്ചാലുകൾ പോലെ ഒഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് വേനലിൽ ആകർഷണീയത കുറയും.
മുകളിൽനിന്ന് രൗദ്രമായ ശബ്ദത്തിൽ നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളിയാണ് വിനോദ സഞ്ചാരികൾക്ക് പ്രിയം. ആ കാഴ്ച വേനലിൽ വെള്ളം കുറവായ സാഹചര്യത്തിൽ ദൃശ്യമല്ല.
വെള്ളച്ചാട്ടത്തിന് മുകളിലെ പാറക്കെട്ടുകൾ സഞ്ചാരികളെ നിരാശപ്പെടുത്തും. അതേസമയം, വെള്ളം കുറവാണെങ്കിലും പാറക്കെട്ടുകളിൽനിന്ന് പാറക്കെട്ടുകളിലേക്ക് ചാടിച്ചാടി ഒഴുകുന്ന വാഴച്ചാലിന്റെ ദൃശ്യം സഞ്ചാരികളുടെ മനസ്സിനെ പിടിച്ചെടുക്കും. അതിനാൽ അതിരപ്പിള്ളിയിൽനിന്ന് വാഴച്ചാലിന്റെ സംഗീതം കേൾക്കാൻ വന്നെത്തുകയാണ് സഞ്ചാരികൾ.
തീരെ വെള്ളമില്ലാത്ത അവസ്ഥയിലല്ല വാഴച്ചാൽ. അതിരപ്പിള്ളി മേഖലയിൽ മുൻ വർഷങ്ങളേക്കാൾ വേനൽ മഴ കൂടുതലായി ലഭിച്ചുവെന്ന നേട്ടമുണ്ട് ഇത്തവണ. അത് വാഴച്ചാലിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. കൂടുതൽ കുളിർമ നിറഞ്ഞ അന്തരീക്ഷമുണ്ട്. ഇരുന്ന് ആസ്വദിക്കാൻ മരത്തണലിൽ ഇരിപ്പിടങ്ങളുമുണ്ട്. ഇവിടെ പക്ഷികളുടെ സംഗീതവും കേട്ട് സഞ്ചാരികൾ കൂടുതൽ നേരം ചെലവഴിക്കുന്നു.
അതിരപ്പിള്ളിയിൽ ഇല്ലാത്ത പാർക്കിന്റെ അന്തരീക്ഷമാണ് വാഴച്ചാലിന്റെ മറ്റൊരു പ്രത്യേകത. അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും ഒരു പ്രവേശന ടിക്കറ്റ് മതിയാകും. അവധിക്കാലം ചെലവഴിക്കാൻ വിനോദയാത്ര സംഘങ്ങൾ അതിരപ്പിള്ളി മേഖലയിലേക്ക് കൂടുതലായി എത്തുകയാണ്. പലരും പലവട്ടം ഇവിടെ സന്ദർശിച്ചിട്ടുള്ളതാണെങ്കിലും യാതൊരു മടുപ്പുമില്ലാതെ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയുടെ ആകർഷണീയതയിൽ മനം മയങ്ങി വന്നെത്തുന്നു.