

വാടാനപ്പള്ളി (തൃശൂർ): വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ ആരുടെയെങ്കിലും വീട്ടിലുണ്ടെങ്കിൽ തന്നെ അറിയിക്കണമെന്നും അത് വായിക്കുന്ന പുതുതലമുറക്ക് കൈമാറുമെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. ‘നിങ്ങളുടെ വീട്ടിലുള്ള പുസ്തകങ്ങൾ ഒരുകാരണവശാലും ചിതലെടുത്തുപോകരുത്. അവ എന്നെ ഏൽപിക്കുക. ഞാൻ വീട്ടിൽ വന്നാൽ ആകെ ഒരു ചിലവേ ഉള്ളൂ, ഒരു ഗ്ലാസ് ജീരകവെള്ളം മാത്രം മതി. അതുകൊണ്ട് പുസ്തകങ്ങൾ എനിക്ക് തരണമെന്ന് അഭ്യർഥിക്കുന്നു’ -പ്രതാപൻ പറഞ്ഞു. വാടാനപ്പള്ളി ഓർഫനേജ് കമ്മറ്റിയുടെ വാടനപ്പള്ളി ഗ്രൂപ്പ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസിന് (വി.ജി.ഇ.ഐ) കീഴിലുള്ള കോളജുകളിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദദാന ചടങ്ങിൽ മാഗസിൻ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചടങ്ങിൽ സംഘാടകർ നൽകാനിരുന്ന ഫലകം വേണ്ടെന്നുവെച്ച അദ്ദേഹം പകരം പുസ്തകം ചോദിച്ചു വാങ്ങുകയായിരുന്നു.
തൃശൂർ എം.പിയായിരിക്കെ അഞ്ച് വർഷത്തിനിടെ 36,000 പുസ്തകങ്ങൾ ഇപ്രകാരം തനിക്ക് ലഭിച്ചതായും അവ സ്കൂൾ, കോളജ്, പബ്ലിക് ലൈബ്രറികൾക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ‘പാർലമെന്റ് മെമ്പറായ ശേഷം ഫോട്ടോ പതിച്ച ഫലകങ്ങളോ പൂച്ചെണ്ടോ ഷാളോ വാങ്ങാറില്ല. ഒന്നുകിൽ ഒരു പുസ്തകം അല്ലെങ്കിൽ ഷേക് ഹാൻഡ് എന്നതായിരുന്നു എന്റെ മുദ്രാവാക്യം. അഞ്ച് വർഷം തൃശൂർ എം.പിയായ ഞാൻ 36000 പുസ്തകം ഇതിലൂടെ ശേഖരിച്ചു. ഇതുമുഴവൻ സ്കൂൾ, കോളജ്, പബ്ലിക് ലൈബ്രറികൾക്ക് കൈമാറി. ഇനി 300ഓളം പുസ്തകങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ടാണ് ഫലകം വേണ്ട പുസ്തകം മതിയെന്ന് സംഘാടകരോട് പറഞ്ഞത്. എന്റെ ശബ്ദം ശ്രവിക്കുന്ന ആരുടെയെങ്കിലും വീട്ടിൽ വായിച്ചുകഴിഞ്ഞ ഏതെങ്കിലും പുസ്തകം ഉണ്ടെങ്കിൽ ഒരു മിസ്ഡ് കോൾ അടിക്കുകയോ എസ്.എം.എസ് അയക്കുകയോ ചെയ്താൽ നിങ്ങളുടെ വീട്ടിൽ വന്നുവാങ്ങും. ആ പുസ്തകം എന്റെ വീട്ടിലെ ലൈബ്രറിയിൽ അല്ല ഇരിക്കുക. ഏതെങ്കിലും ലൈബ്രറിയിലൂടെ വായിക്കുന്ന പുതിയ തലമുറയുടെ കൈകളിൽ അതുണ്ടാകും. നമ്മൾ മരിച്ചാലും പുസ്തകങ്ങളും അതിലെ ആശയങ്ങളും ബാക്കിയുണ്ടാകും. മകാര പുസ്തകങ്ങൾ ഒഴികെയുള്ള എല്ലാ പുസ്തകങ്ങളും സ്വീകരിക്കും. നിങ്ങളുടെ വീട്ടിലുള്ള പുസ്തകങ്ങൾ ഒരുകാരണവശാലും ചിതലെടുത്തുപോകരുത്. അവ എന്നെ ഏൽപിക്കുക. ഞാൻ വീട്ടിൽ വന്നാൽ ആകെ ഒരു ചിലവേ ഉള്ളൂ, ഒരു ഗ്ലാസ് ജീരകവെള്ളം മാത്രം മതി. അതുകൊണ്ട് പുസ്തകങ്ങൾ എനിക്ക് തരണമെന്ന് അഭ്യർഥിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
വാടനപ്പള്ളി ഗ്രൂപ്പ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസിന് (വി.ജി.ഇ.ഐ) കീഴിൽ തളിക്കുളം, എറണാകുളം മന്നം, ചാലക്കൽ, കൊല്ലം ഉമയനെല്ലൂർ എന്നിവിടങ്ങളിലെ കോളജുകളിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനമാണ് പുതിയങ്ങാടി യൂനിറ്റി കോളജിൽ നടന്നത്. ജമാഅത്തെ ഇസ്‍ലാമി ദേശീയ ജനറൽ സെക്രട്ടറി ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ഗുണമേൻമയുള്ള വിദ്യാഭ്യാസം വിദൂര സ്വപ്നമായ ദരിദ്ര വിദ്യാർഥികളെ ചേർത്ത് പിടിച്ച് അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന മൂല്യാധിഷ്ടിത വിദ്യാഭ്യാസം കാലത്തിൻ്റെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രരോട് അനുകമ്പയുള്ള, അനാഥകളോടും അഗതികളോടും കരുണ്യമുള്ള ‘ഗരീബ് നവാസ് ‘ ആണ് വി.ജി.ഇ.ഐ സ്ഥാപനങ്ങൾ. സാമ്പത്തികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി സീറോയിൽ നിന്ന് ഹീറോ ആക്കുകയാണ് ഈ സ്ഥാപനം. ലോകമെമ്പാടും വിവിധ മേഖലകളിൽ ഉയർന്ന പദവികളിൽ വ്യാപിച്ച് കിടക്കുന്ന പൂർവവിദ്യാർഥികൾക്ക് ഈ അനാഥാലയം അവരോട് കാണിച്ച കാരുണ്യത്തെ കുറിച്ച് ധരാളം പറയാനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം അപ്രാപ്യമായ അരികുവൽകരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികളെ ചേർത്തുപിടിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തും മുഖ്യധാരയിലും എത്തിച്ച സ്ഥാപനമാണ് വാടാനപ്പള്ളി ഓർഫനേജും അനുബന്ധ സ്ഥാപനങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന് കീഴിൽ തളിക്കുളം പുതിയങ്ങാടിയിൽ ആരംഭിച്ച യൂണിറ്റി കോളജിന്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. വി.ഒ.സി ആക്ടിങ് ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുൻ എം.പി ടി.എൻ. പ്രതാപൻ, ഒമാൻ ഗസൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ഹാസ്‍ലിൻ സലീമിന് നൽകി മാഗസിൻ പ്രകാശനം ചെയ്തു.