തൃശൂര്‍: റേഷന്‍ വ്യാപാരികളുടെ വേതനം യഥാസമയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്‌സ് കോഓഡിനേഷന്‍ സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ചൊവ്വാഴ്ച റേഷന്‍കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണയും നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി ആറു മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിക്കുമെന്നും ജനറൽ കൺവീനർ ജോണി നെല്ലൂര്‍ പറഞ്ഞു.
രണ്ടു മാസമായി വ്യാപാരികള്‍ക്ക് വേതനം ലഭിച്ചിട്ടില്ല. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തെ വേതനമാണ് കുടിശ്ശികയുള്ളത്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കിറ്റ് വിതരണം ചെയ്തതിന്റെ പകുതി കമീഷൻ മാത്രമാണ് ഇതുവരെ ലഭിച്ചത്. ഓണത്തിന് റേഷന്‍ വ്യാപാരികള്‍ക്ക് പ്രഖ്യാപിച്ച 1000 രൂപ ഓണറേറിയം, വേതനപാക്കേജ് വര്‍ധന, ക്ഷേമനിധി തുടങ്ങിയ വിഷയങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
എ.കെ.ആര്‍.ആര്‍.ഡി.എ, കെ.ആര്‍.യു-സി.ഐ.ടി.യു, കെ.എസ്.ആര്‍.ആര്‍.ഡി.എ എന്നീ സംഘടനകൾ സംയുക്തമായാണ് സമരം ചെയ്യുന്നത്.