

മറ്റത്തൂരിലെ കദളിവാഴതോട്ടം
കൊടകര: മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാവശ്യമായ കദളിപ്പഴം ഉല്പാദിപ്പിച്ചു നല്‍കിയിരുന്ന കദളീവനം പദ്ധതി പുനരാരഭിക്കുന്നു. പുതുക്കാട് മണ്ഡലം എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന പ്രഫ. സി. രവീന്ദ്രനാഥ് 2009ല്‍ രൂപം നല്കിയ കദളീവനം പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഏറ്റവും അധികം ആവശ്യകതയുള്ള പഴമാണ് കദളിപ്പഴം.
മറ്റു ക്ഷേത്രങ്ങളിലും പൂജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ പൂജാകദളി എന്നറിയപ്പെടുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പഴം പഞ്ചസാരയില്‍ കദളിപ്പഴമാണ് നല്‍കുന്നത്. പ്രതിദിനം ശരാശരി 6000 മുതല്‍ 10000 വരെ കദളിപ്പഴം ക്ഷേത്രത്തിലേക്ക് ആവശ്യമായി വരുന്നുണ്ട്. എന്നാല്‍, ഇത്രയും പഴം കേരളത്തില്‍ ലഭ്യമല്ലെന്ന തിരിച്ചറിവിലാണ് 2009ല്‍ ജില്ല കുടുംബശ്രീ മിഷനും മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് കദളീവനം പദ്ധതിക്ക് രൂപം നല്‍കിയത്.
കര്‍ഷകര്‍ക്ക് സുസ്ഥിര വിപണിയും സുസ്ഥിര വിലയും നല്‍കിക്കൊണ്ട് വര്‍ഷങ്ങളോളം നിലനിന്ന ഏക കാര്‍ഷിക പദ്ധതിയായിരുന്നു ഇത്. 2009 ജൂണില്‍ ആരംഭിച്ച ഈ പദ്ധതി വഴി 2020ലെ കോവിഡ് ലോക്ഡൗണ്‍ കാലം വരെ ഒന്നേകാല്‍ കോടിയിലേറെ കദളിപ്പഴം ഉല്പാദിപ്പിച്ച് ക്ഷേത്രത്തിലേക്ക് നല്‍കിയിരുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കദളിപ്പഴത്തിന്റെ വിപണനസാധ്യത നിലച്ചു. പ്രത്യേക വിപണിയുള്ള കദളിപ്പഴത്തിന് ക്ഷേത്രങ്ങളിലോ മറ്റു ആയുര്‍വേദ കമ്പനികളിലോ മാത്രമാണ്
പ്രധാന ആവശ്യകത ഉള്ളത്. പൊതുവിപണിയില്‍ ആവശ്യകതയില്ലാത്ത ഒന്നാണ് കദളിപ്പഴം അതിനാല്‍ തന്നെ വിപണി ഉണ്ടെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് കൃഷിയായി മുന്നോട്ടുപോകുവാന്‍ സാധിക്കുകയുള്ളു എന്നു വന്നപ്പോള്‍ കര്‍ഷകര്‍ കദളിവാഴകൃഷിയില്നിന്ന് പിന്തിരിഞ്ഞു. നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ഈമാസം 16 മുതല്‍ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കദളിപ്പഴം വിതരണം ചെയ്യുന്ന പദ്ധതി പുനരാരംഭിക്കുകയാണ്.
നിലവില്‍ കദളിവാഴകൃഷി ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് കദളിപ്പഴം ക്ഷേത്രത്തിലേക്ക് നല്‍കാനാവും. പദ്ധതിയില്‍ അംഗങ്ങളാകുന്ന കര്‍ഷകര്‍ക്ക് സുസ്ഥിരവിപണി, സുസ്ഥിര വില, വാഴക്ക് ഇന്‍ഷുറന്‍സ്, കര്ഷകന് ഇന്‍ഷുറന്‍സ് എന്നിവ ലഭ്യമാക്കുമെന്ന് സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത് പറഞ്ഞു

