

ഗുരുവായൂര്‍: അമൃത് ജല വിതരണ പദ്ധതിയുടെ ഭാഗമായ കുടിവെള്ള ടാങ്ക് ആനത്താവളത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് നഗരസഭ പിന്മാറി. ടാങ്ക് സ്ഥാപിക്കുകയാണെങ്കില്‍ ദിവസേന 1.5 ലക്ഷം ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കണമെന്ന ദേവസ്വത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് കൗണ്‍സിലില്‍ വ്യക്തമാക്കി.
സ്ഥലത്തിന്റെ ഉടമസ്ഥത ദേവസ്വത്തില്‍ തന്നെ നിലനിര്‍ത്തി ടാങ്ക് നിര്‍മിക്കാനാണ് നഗരസഭ അനുമതി തേടിയിരുന്നത്. ഇതേതുടര്‍ന്ന് ദേവസ്വം മന്ത്രിയുടെയും ജലവിഭവ മന്ത്രിയുടെയും സംയുക്ത യോഗം ചേര്‍ന്നപ്പോള്‍ തങ്ങളുടെ സ്ഥലത്ത് ടാങ്ക് നിര്‍മിക്കാന്‍ അനുമതി നല്കണമെങ്കില് കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന ആവശ്യം ദേവസ്വം മുന്നോട്ട് വെക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ നഗരസഭ കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനമെടുക്കാന്‍ യോഗം നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ദേവസ്വം ആവശ്യപ്പെട്ട 1.5 ലക്ഷം ലിറ്റര്‍ കുടിവെള്ളത്തിന്റെ വില നഗരസഭ നല്‍കണമെന്ന നിര്‍ദേശവും യോഗം മുന്നോട്ട് വെച്ചു. തദ്ദേശ മന്ത്രി യോഗത്തില്‍ ഉണ്ടായിരുന്നില്ല.
വിഷയം വ്യാഴാഴ്ച ചേര്‍ന്ന കൗണ്സിലിലെത്തിയപ്പോള് ദേവസ്വത്തിന്റെ നിര്‍ദേശം അംഗീകരിച്ചാല്‍ ഇപ്പോഴത്തെ നിരക്കനുസരിച്ച് 1.80 ലക്ഷം രൂപ പ്രതിമാസം നഗരസഭ വെള്ളക്കരമായി നല്‍കേണ്ടി വരുമെന്ന് നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞു.മറ്റൊരു സ്ഥലത്ത് ടാങ്ക് സ്ഥാപിക്കുമെന്നും അറിയിച്ചു. പൂക്കോട് മേഖലയിലേക്ക് സുഗമമായി വെള്ളം നല്‍കാനാണ് ടാങ്ക് സ്ഥാപിക്കുന്നത്.
നഗരസഭയുടെ കീഴിലെ ചാവക്കാട് സ്കൂള്‍ ഗ്രൗണ്ട് ഫുട്ബാള്‍ ടര്‍ഫ് ഗ്രൗണ്ടാക്കി മാറ്റുന്നതോടെ ഈ സ്കൂളിലെ കുട്ടികള്‍ക്ക് ഫുട്ബാള്‍ ഒഴിച്ചുള്ള കായിക ഇനങ്ങൾ പരിശീലിക്കാന്‍ മൈതാനം ഇല്ലാതാവുകയാണെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ പറഞ്ഞു.
ആദ്യത്തെ പ്ലാനില്‍ അത്ലറ്റിക്സിനുള്ള സിന്തറ്റിക് ട്രാക്ക് അടക്കം ഉണ്ടായിരുന്നുവെന്നും ആരുടെ താൽപര്യത്തിലാണ് അത് തിരുത്തിയതെന്നും അദ്ദേഹം ചോദിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ സ്ഥലം പരിശോധിച്ചിരുന്നുവെന്നും 100 മീറ്റര്‍ ഓട്ടത്തിന് സൗകര്യമുള്ള ട്രാക്ക് ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്മാന് പറഞ്ഞു.കൂടുതല്‍ സൗകര്യത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ചെയര്മാന് പറഞ്ഞു.
ഷീ ലോഡ്ജ് ഉദ്ഘാടനം ഈ മാസം 31ന് നടത്തും. നാല് നിലകളിലായി അഞ്ച് കോടി ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ചൂല്‍പ്പുറത്തെ വെല്‍നസ് സെന്റര്‍ ഉദ്ഘാടനത്തിന് സജ്ജമായതായും തീയതി പിന്നീട് അറിയിക്കുമെന്നും ചെയര്മാന് അറിയിച്ചു. തെരുവ് നായ് ശല്യം വര്‍ധിച്ചു വരുന്ന വിഷയം കെ.പി. ഉദയന്‍ ഉന്നയിച്ചു.
തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് കേന്ദ്ര നിയമങ്ങളാണ് തടസ്സമെന്ന് ചെയര്മാന് മറുപടി നല്കി.കേന്ദ്ര നിയമത്തില്‍ ഭേദഗതി വേണമെന്ന പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു. ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.