

പെരിങ്ങോട് ചന്ദ്രൻ
ചെറുതുരുത്തി: 15 വർഷങ്ങൾക്ക് ശേഷം വീണ്ടും പഞ്ചവാദ്യത്തിലെ തിമില പ്രമാണിയായി തൃശൂർ കണിമംഗലം ശാസ്താവിലെ പൂരത്തിന് അരങ്ങിലെത്തിയതിന്റെ സന്തോഷത്തിലാണ് പെരിങ്ങോട് ചന്ദ്രൻ5 വർഷങ്ങൾക്ക് ശേഷം വീണ്ടും പഞ്ചവാദ്യത്തിലെ തിമില പ്രമാണിയായി തൃശൂർ കണിമംഗലം ശാസ്താവിലെ പൂരത്തിന് അരങ്ങിലെത്തിയതിന്റെ സന്തോഷത്തിലാണ് പെരിങ്ങോട് ചന്ദ്രൻ.
ഇത്തവണത്തെ പ്രമാണിത്തത്തിന് വേറെയും സന്തോഷമുണ്ട് ചന്ദ്രന്. തിമിലയിൽ 50 വർഷം പൂർത്തിയാക്കിയ ദിവസം കൂടിയാണിത്. ഈ ദിവസം മറക്കാൻ പറ്റാത്ത ദിവസമാണെന്ന് അദ്ദേഹം പറയുന്നു. 15 വർഷങ്ങൾക്ക് മുമ്പ് ജാതിയുടെ പേരിൽ ഇതേ ക്ഷേത്രത്തിലെ അന്നത്തെ കമ്മിറ്റിയിൽ നിന്ന് അവഗണ നേരിട്ടതിനെ തുടർന്ന് മാറി നിന്നതായിരുന്നു പെരിങ്ങോട് ചന്ദ്രൻ.
‘വീണ്ടും തന്നെ കണിമംഗലം ക്ഷേത്ര കമ്മിറ്റി ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഗുരുക്കന്മാരായ വളപ്പായ ചന്ദ്രമാരാർ, നീട്ടിയത്ത് ഗോവിന്ദൻ നായർ എന്നിവരെ ഓർത്തുകൊണ്ടാണ് ഞാൻ തിമിലയിൽ കൈകൾ തൊട്ടത്.
മദ്ദളത്തിൽ കൈലിയാട് ബാബു ഒപ്പം താളമിട്ടപ്പോൾ ആയിരക്കണക്കിനുപേർ കൂടെ ആനന്ദനൃത്തമാടി’ -ചന്ദ്രൻ പറഞ്ഞു. കേരള കലാമണ്ഡലത്തിലെ തിമില വിഭാഗത്തിൽ വിസിറ്റിങ് പ്രഫസർ കൂടിയാണ് ചന്ദ്രൻ. കൂടാതെ കേരള സംഗീത നാടക അക്കാദമി, കേരള ഫോക്ലോർ അക്കാദമി എന്നിവിടങ്ങളിൽ ഭരണസമിതി അംഗവുമാണ്.
നിരവധി അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പിതാവ്: വാസുദേവൻ. മാതാവ്: കാർത്തിയാനി. ഭാര്യ: ലതിക.