

കൊടുങ്ങല്ലൂർ: ട്രെയിൻ സർവിസ് ഇല്ലാത്ത കൊടുങ്ങല്ലൂരിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര സൗകര്യപ്രദമാക്കാൻ എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സംവിധാനം ഒരുക്കണമെന്ന് കൺസ്യൂമേഴ്സ് ഫോറം ആവശ്യപ്പെട്ടു.
രാവിലെ 5.20ന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഗുരുവായൂർ-തിരുവനന്തപുരം എക്സ് പ്രസ് ലഭിക്കാനായി കണക്ഷൻ ലഭിക്കുംവിധം രാവിലെ നാലിന് കൊടുങ്ങല്ലൂരിൽനിന്ന് എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെന്നാണ് ഫോറം ആവശ്യപ്പെടുന്നത്.
ഈ വിഷയം ഉന്നയിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി ഫോറം ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം ആർ.സി.സി, ശ്രീ ചിത്തിര, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കും, സെക്രട്ടേറിയറ്റിലേക്കും ജോലിക്കും മറ്റിടങ്ങളിലേക്ക് പോകുന്നവർക്കും ഈ സംവിധാനം ഉപകാരപ്പെടുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് നൽകിയ നിവേദനത്തിൽ പറയുന്നു.
കൊടുങ്ങല്ലൂരിന് പുറത്തുള്ള പ്രദേശങ്ങളിൽനിന്ന് ഈ ട്രെയിൻ ലക്ഷ്യമാക്കി ബസ് സർവിസ് നടത്തുന്നുണ്ട്. ഈ സർവിസ് ഏറെ ലാഭകരമാണ്.
കൊടുങ്ങല്ലൂരിൽനിന്ന് ഈ ട്രെയിനിനെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരുമുണ്ട്. അവരെല്ലാം ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് ഈ ട്രെയിൻ ലക്ഷ്യമാക്കി ഇപ്പോൾ എറണാകുളത്ത് എത്തുന്നത്.
കൂടാതെ, തിരുവനന്തപുരത്തുനിന്ന് ജനശതാബ്ദി എറണാകുളത്ത് എത്തുന്ന സമയം പരിഗണിച്ച് രാത്രി 10ന് എറണാകുളം സ്റ്റാൻഡിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് കെ.എസ്.ആർ.ടി.സി വേണമെന്നാവശ്യവും നിവേദനത്തിൽ ഫോറം ഭാരവാഹി സി.എസ്. തിലകൻ അഭ്യർഥിക്കുന്നു.

