ഇരിങ്ങാലക്കുട: സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയിരുന്ന കരുവന്നൂര്‍ ചേലക്കടവ് പ്രദേശത്തെ അടഞ്ഞുകിടന്നിരുന്ന വീടുകള്‍ പൊലീസ് സംരക്ഷണത്തോടെ നഗരസഭ അധികൃതര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി.
പുറമ്പോക്കില്‍ അനധികൃതമായി വീടുവെച്ച് തമാസിച്ചിരുന്നവര്ക്ക് സ്ഥലം വാങ്ങാനും വീട് വെക്കാനും വിവിധ പദ്ധതികളില്‍ പെടുത്തി സര്‍ക്കാറില്‍ നിന്ന് ധനസഹായം നല്‍കിയിരുന്നു. തുടർന്ന് ആറ് വീട്ടുകാരില്‍ നാലു വീട്ടുകാര്‍ അവിടെനിന്ന് സ്ഥലം മാറിയിരുന്നു.
രണ്ടു വീടുകളില്‍ താമസിച്ചിരുന്നവര്‍ സാവകാശം ചോദിച്ചിട്ടുണ്ട്.
വീടുകള്‍ ഒഴിഞ്ഞുപോയതോടെ പ്രദേശം കഞ്ചാവ് വിൽപനക്കാരുടെയും ലഹരി മാഫിയയുടെയും താവളമായി മാറുകയായിരുന്നു. കഞ്ചാവ് മാഫിയയുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നഗരസഭ കൗണ്‍സില്‍ വീടുകൾ പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്തിട്ടും നടപടി വൈകുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് ഈ പ്രദേശത്തുകൂടെ സഞ്ചരിച്ചിരുന്ന രണ്ടു പേരെ ഒഴിഞ്ഞ വീടുകളില്‍ തമ്പടിച്ചിരുന്നവര്‍ മർദിച്ചിരുന്നു. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.
തുടര്‍ന്നാണ് പൊലീസ് സഹായത്തോടെ വീടുകള്‍ പൊളിച്ചു നീക്കാന്‍ തുടങ്ങിയത്. നഗരസഭ ചെയർപേഴ്സൻ മേരിക്കുട്ടി ജോയി, വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, കൗണ്‍സിലര്‍മാരായ ടി.കെ. ഷാജു, രാജി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.