
ഇരിങ്ങാലക്കുട: മലമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ. തളിയക്കോണം എലമ്പലക്കാട്ടിൽ രാജേഷിനെയാണ് (42) പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.ഡി. രതീഷും സംഘവും പിടികൂടിയത്. പാലപ്പിള്ളി റേഞ്ച് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. മലമ്പാമ്പിന്റെ ഇറച്ചി ശാസ്ത്രീയ പരിശോധനക്കായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോ ലാബിലേക്ക് അയച്ചു. തളിയക്കോണം പാടശേഖരത്തിൽ നിന്നാണ് ഇയാൾ പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാലപ്പിള്ളി റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ടി.എം. ഷിഹാസ്, വി.വി. ഷിജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഇ.വി. ബാബു, എ.എം. അനുശ്രീ, ജെ. ജിസ്ന, എസ്.വി. ജയൻ, പി.ബി. സ്മിനേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

