ചാലക്കുടി: വെട്ടുകടവ് പാലത്തിലെ വിള്ളൽ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു. പ്രശ്നത്തിന് പൊതുമരാമത്ത് അധികൃതർ ഉടൻ പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പാലത്തിന് കുറുകെ രണ്ട് സ്പാനുകൾക്കിടയിലെ വാർക്കയുടെ അകലമാണ് വിള്ളലിന് കാരണം. രണ്ട് വാർക്കകൾ യോജിക്കുന്നിടത്ത് ചെറിയ വരപോലെ വിള്ളൽ മുമ്പ് ഉണ്ടായിരുന്നതാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ശക്തമായ മഴയിൽ ഇത് വലുതാവുകയായിരുന്നു. ഏകദേശം മൂന്ന് ഇഞ്ച് വരെ വിള്ളലിന് അകലം വന്നതോടെ യാത്രക്കാർ ആശങ്കയിലാണ്. കാൽനടക്കാർ അവരുടെ കാലുകൾ ഇതിൽ കുടുങ്ങുമോയെന്ന പേടിയിലാണ് നടക്കുന്നത്. ചെറിയ കുട്ടികളുടെ പാദങ്ങൾ കുടുങ്ങാൻ സാധ്യതയേറെയാണ്. ഇരുചക്രവാഹനങ്ങൾ വേഗത കുറച്ച് പതുക്കെ പോവുമ്പോൾ വിള്ളലിൽ തട്ടി നിന്നു പോകാനും സാധ്യതയുണ്ട്. അതിനാൽ പാലത്തിന്റെ ഈ ഭാഗത്തെത്തുമ്പോൾ ഇരുചക്രവാഹനങ്ങൾ അതിവേഗം ഓടിച്ചു പോവുകയാണ്. മാത്രമല്ല വിള്ളലിന്റെ വീതി കുറഞ്ഞ ഭാഗത്തേക്ക് വാഹനങ്ങൾ അപകടകരമായി വെട്ടിച്ചു മാറ്റുന്നതും പതിവാണ്.
രാത്രിയാൽ ഇതിൽ തട്ടി വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെടുമെന്ന് യാത്രക്കാർ പരാതി പറയുന്നു. ഈ വിടവ് നിർമാണ ഘട്ടത്തിലുള്ളതാണ്. സാധാരണ ഇത്തരം ഭാഗങ്ങളിൽ ലോഹത്തിന്റെ റീപ്പറുകൾ സ്ഥാപിക്കാറുണ്ട്. അതിന് പകരം ടാറിങ് വച്ച് അടയ്ക്കുന്ന സൂത്രപ്പണിയാണ് ഇവിടെ ചെയ്തത്. ചാലക്കുടി നഗരത്തെയും മേലൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് വെട്ടുകടവ് പാലം. 2013 ലാണ് ഉദ്ഘാടനം ചെയ്തത്.