ഗുരുവായൂർ ∙ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി (49) ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ഇന്നലെ രാത്രി 10.10 ന് ചരിഞ്ഞു. മദപ്പാടിലായിരുന്ന കൊമ്പനെ ഈ മാസം 6 നാണ് അഴിച്ചത്. മദകാലത്ത് പൊതുവേ ഭക്ഷണം കുറവു കഴിക്കുന്ന ആനയ്ക്ക് എരണ്ടക്കെട്ട് രോഗം ബാധിച്ചതോടെ ചികിത്സയിലായിരുന്നു. ആന വെള്ളം കുടിച്ചിരുന്നില്ല. കിടക്കാനും കൂട്ടാക്കിയിരുന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിലും പുറത്തും ധാരാളം എഴുന്നള്ളിപ്പുകൾ ഉണ്ടായിരുന്ന ശാന്തനായ കൊമ്പനായിരുന്നു.
1981 ജൂൺ 10ന് കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഗ്രൂപ്പിലെ വി.മാധവ മേനോനാണ് ആനയെനടയിരുത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, മാനേജർ സി.ആർ.ലെജുമോൾ എന്നിവർ രാത്രി തന്നെ പുന്നത്തൂർക്കോട്ടയിൽ എത്തി. മൃതദേഹം ഇന്നു കോടനാട് വനത്തിൽ സംസ്കരിക്കും. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 41 ആയി കുറഞ്ഞു.