ചാലക്കുടി: ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കാൻ അംഗീകാരം. പേവിഷബാധക്കുള്ള കുത്തിവെപ്പിന് പുറമെ അനുബന്ധ ചികിത്സയും ഉറപ്പുവരുത്തുന്നതായിരിക്കും ക്ലിനിക്.
പേവിഷ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ സൂക്ഷിക്കും. ചാലക്കുടിയിൽ തെരുവുനായ് ശല്യം പരിഹരിക്കാൻ തദ്ദേശസ്ഥാപനതല ജനകീയസമിതികൾ രൂപവത്കരിക്കാൻ തീരുമാനിച്ചതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
ചാലക്കുടി നിയോജകമണ്ഡലം തലത്തിൽ തെരുവുനായ് പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തീവ്ര വാക്സിനേഷൻ യജ്ഞം നടത്തുക, തെരുവുനായ്ക്കൾക്കും ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്കുമായുള്ള അഭയകേന്ദ്രങ്ങൾ സജ്ജമാക്കുക, ശുചിത്വ യജ്ഞം സംഘടിപ്പിക്കുക തുടങ്ങിയവയാണ് കമ്മിറ്റികളുടെ ലക്ഷ്യം.
നഗരസഭ ചെയർമാൻ എബി ജോർജ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.എസ്. സുനിത, അമ്പിളി സോമൻ, നോഡൽ ഓഫിസർ എം. ശബരീദാസൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ. ഷീജ, വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.