കൊടുങ്ങല്ലുർ: നിർദിഷ്ട കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത വികസനത്തിനായി കൊടുങ്ങല്ലൂരിനടുത്ത് കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു.
നിലവിലെ ദേശീയപാതയുടെ സമീപമുള്ള കോതപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലെ 15 വർഷം മുതൽ പഴക്കമുള്ള ഏഴ് ഖബറുകളാണ് പുനഃസ്ഥാപിച്ചത്. തുറന്നവയിലുണ്ടായിരുന്ന ശരീരഭാഗങ്ങൾ മതപരമായ കർമങ്ങൾ പാലിച്ച് പുതിയ ഖബറുകളിൽ മറവ് ചെയ്തു.
കുടുംബ ബന്ധുക്കളായ മൂന്നുപേരുടെ ശരീരഭാഗങ്ങൾ ഒരുമിച്ചാണ് അടക്കിയത്. മറ്റു നാലുപേർക്കുമായി ഓരോ ഖബറുകളും ഒരുക്കി. എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തിലായിരുന്നു ഖബർ മാറ്റൽ. ദേശീയപാത വികസനത്തിന് കോതപറമ്പ് ജുമാമസ്ജിദ് അങ്കണത്തിൽ 15 സെന്റ് സ്ഥലമാണ് വിട്ടുനൽകിയത്. ഈ സ്ഥലത്ത് വരുന്ന ഖബറുകളാണ് മാറ്റിയത്.
ഇതോട് അനുബന്ധിച്ചുള്ള മഹല്ല് കമ്മിറ്റി ഓഫിസും കെട്ടിടങ്ങളുമെല്ലാം പൊളിക്കും. വെള്ളിയാഴ്ച പുലർച്ച നമസ്കാരനന്തരം തുടക്കം കുറിച്ച പുനഃസ്ഥാപനത്തിന് മഹല്ല് ഖതീബ് റാഫി ഫൈസി, പ്രസിഡന്റ് അഷറഫ്, സെക്രട്ടറി അബ്ദുൽ സത്താർ, എസ്.കെ.എസ്.എസ്.എഫ് മേഖല വിഖായ സെക്രട്ടറി പി.എസ്. നൗഷാദ്, ഷെഫീഖ് ഫൈസി, അബ്ദുൽ ഹമീദ് മൗലവി, എസ്.കെ.എസ്.എസ്.എഫ് മേഖല സെക്രട്ടറി ആഷിക്ക്, യൂനിറ്റ് ട്രഷറർ അബ്ദുൽ അഹദ്, മഹല്ല് കമ്മിറ്റി അംഗങ്ങളായ എം.എ. സാജിദ്, മുഹമ്മദ്റാഫി, എൻ.ബി. കരീം, മഹല്ല് നിവാസികളായ സഗീർ, നൗഫൽ, സമദ്, എ.ബി. അൻവർ, ബഷീർ, ഷെഫീർ, വിഖായാ അംഗങ്ങൾ പങ്കാളികളായി.