

പ്രണവ് വധു വിഷ്ണുമായയുമൊത്ത്
ഗുരുവായൂർ: വിവാഹ വേദിയിൽ നിന്നുമിറങ്ങി കല്യാണ വസ്ത്രങ്ങൾ മാറ്റി ജഴ്സിയണിഞ്ഞ് പ്രണവ് നേരെ ഓടിയത് ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിലെ ഫുട്ബാൾ മത്സരത്തിലേക്ക്. വൈകീട്ട് 5.30നാണ് പ്രണവും വിഷ്ണുമായയും തമ്മിലുള്ള വിവാഹത്തിന്റെ വിരുന്ന് ഗുരുവായൂർ ടൗൺ ഹാളിൽ സമാപിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ ജി.എസ്.എൽ മത്സരത്തിന് വിസിൽ മുഴങ്ങി. അപ്പോഴേക്കും ആറാം നമ്പർ ജഴ്സിയണിഞ്ഞ് കോട്ടപ്പടി സോക്കർ ഫ്രൻഡ്സിന് വേണ്ടി പ്രണവ് കളത്തിലിറങ്ങി. ശനിയാഴ്ച രാവിലെയാണ് കോട്ടപ്പടി ചാണാശേരി പ്രണവും വിഷ്ണുമായയും തമ്മിലുള്ള വിവാഹം നടന്നത്. ടൗൺ ഹാളിൽ 2.30 മുതൽ 5.30 വരെയായിരുന്നു വിവാഹ വിരുന്ന്.
കതിർ മണ്ഡപത്തിൽ നിന്ന് കളിക്കളത്തിലേക്ക് ഓടിയിറങ്ങിയ പ്രണവിന് വിവാഹ മധുരമായി മത്സരഫലം. പുന്നയൂർക്കുളം എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് പ്രണവിന്റെ ടീം തകർത്തു. കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തിലാണ് പ്രണവ് ജോലി ചെയ്യുന്നത്. ഭാര്യ വിഷ്ണുമായ കാലടി സംസ്കൃത കോളജിൽ ഗവേഷണ വിദ്യാർഥിയാണ്. ഗുരുവായൂർ സ്പോർട്സ് അക്കാദമായാണ് ജി.എസ്.എൽ സംഘടിപ്പിച്ചിട്ടുള്ളത്.