ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നിന്നും ഭക്തരുടെ പേഴ്സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതിയെ പിടികൂടി. വയനാട് മേപ്പാടി കൂരിമണ്ണില്‍ വീട്ടില്‍ ഹസീനയെ (രേണുക40) ആണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9നാണ് ഭക്തരും ക്ഷേത്രം ജീവനക്കാരും ചേര്‍ന്ന് ഹസീനയെ ക്ഷേത്രത്തില്‍ നിന്നും പിടികൂടിയത്.
ക്ഷേത്രം കൊടിമരത്തിന് സമീപത്ത് വച്ച് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പാലക്കാട് പെരുവമ്പ് ചോറക്കോട് വീട്ടില്‍ ഓമന (45) യുടെ ഹാന്‍ഡ് ബാഗില്‍ നിന്നും മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈവശം മൂന്ന് പേഴ്സുകളും 13244 രൂപയും ഉണ്ടായിരുന്നു.
പൊലീസില്‍ ഏല്‍പ്പിച്ച പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അഹിന്ദുവായ പ്രതി ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഞായറാഴച്ച രാവിലെ പുണ്യാഹവും നടത്തിയിരുന്നു.