

ചൊക്കനയിലെ എസ്റ്റേറ്റ് മൈതാനം
കൊടകര: തോട്ടം മേഖലയിലുള്ള ചൊക്കന എസ്റ്റേറ്റ് മൈതാനിയില്‍ നീണ്ട ഇടവേളക്ക് ശേഷം കാല്പന്തുകളിയുടെ ആരവം ഉയരുന്നു. ഒരുകാലത്ത് ഫുട്ബാള്‍ ലഹരിയായി കൊണ്ടുനടന്നിരുന്നവരുടെ നാടാണ് ചൊക്കന. ഇവിടത്തെ യുവാക്കള്‍ ജീവിതം തേടി പ്രവാസലോകത്തേക്ക് കടല്‍ കടന്നതോടെ ചൊക്കനയുടെ ഫുട്ബാള്‍ പ്രതാപത്തിന് മങ്ങലേറ്റു.
നാടെങ്ങും മയക്കുമരുന്ന് വ്യാപിക്കുന്ന കാലത്ത് തോട്ടം മേഖലയിലെ കൗമാരക്കാര്‍ ലഹരിയുടെ വലയില്‍ വീഴാതെ ഫുട്ബാള്‍ ലഹരികൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് ചൊക്കന-നായാട്ടുകുണ്ട് മലയോരഗ്രാമങ്ങള്‍. ഇതിന്റെ ഭാഗമായാണ് ചൊക്കന എസ്റ്റേറ്റ് മൈതാനിയില്‍ ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിച്ച് പ്രദേശത്തെ കുട്ടികള്‍ക്ക് ഫുട്ബാള്‍ കളിക്കാൻ സൗകര്യം ഒരുക്കുന്നത്.
ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഹാരിസന് മലയാളം പ്ലാന്റേഷനില്‍ ഉള്‍പ്പെട്ടതാണ് ചൊക്കന റബര്‍ എസ്റ്റേറ്റടക്കമുള്ള പ്രദേശങ്ങള്‍. അക്കാലത്ത് തോട്ടങ്ങളില്‍ പണിയെടുപ്പിക്കാനായി മലപ്പുറത്തുനിന്ന് കൊണ്ടുവന്ന തൊഴിലാളികളുടെ പിന്മുറക്കാരാണ് ഇപ്പോഴും ഇവിടെയുള്ള പല തൊഴിലാളി കുടുംബങ്ങളും.
തൊഴിലാളികള്‍ക്ക് മാനസികോല്ലാസവും കായികക്ഷമതയും ലഭിക്കുന്നതിനായി ഇക്കാലത്ത് തോട്ടം മാനേജ്മെന്റ് മുന്‍കൈയെടുത്ത് എസ്റ്റേറ്റ് റിക്രിയേഷന്‍ ക്ലബുകള്‍ക്ക് രൂപം നല്‍കിയിരുന്നു. ഈ ക്ലബുകള്‍ക്ക് കീഴില്‍ പാലപ്പിള്ളി-ചൊക്കന മേഖലയില്‍ നിരവധി ഫുട്ബാള്‍ മൈതാനങ്ങളും സജ്ജമാക്കി. ദേശീയ താരങ്ങളടക്കമുള്ളവരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ളവയാണ് ഈ മൈതാനങ്ങള്‍ പലതും.
ചൊക്കന എസ്റ്റേറ്റിലുള്ള ഫുട്ബാള്‍ മൈതാനവും പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്നതാണ്. 70കളിലും 80കളിലും ജില്ലക്കകത്തും പുറത്തും നടന്ന ടൂര്‍ണമെന്റുകളില്‍ ഗോള്‍വല കുലുക്കിയ നിരവധി പേര് ചൊക്കനയിലുണ്ടായിരുന്നു. പിരിയാംകുഴി ഉണ്ണീന്‍, വില്ലന്‍ മുഹമ്മദുകുഞ്ഞ്, അത്താണിക്കല്‍ അബൂബക്കര്‍,ചെരിച്ചി കുഞ്ഞുമുഹമ്മദ്, വട്ടോളി റസാക്ക്, പുല്‍പ്പാടന്‍ അവലാംകുട്ടി, ലോറന്‍സ് താക്കോല്ക്കാരന് പുള്ളിയില്‍ ഉണ്ണീന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
നായാട്ടുകുണ്ട് സൂര്യ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ചൊക്കനയുടെ ഗതകാല ഫുട്ബാള്‍ പ്രതാപം വീണ്ടെുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും. ക്ലബ് സെക്രട്ടറി മുഹമ്മദലി, ജോബിള്‍ വടാശേരി, ഇന്ദുചൂഡന് ഒറ്റപ്പാലം എന്നിവര്‍ മുന്‍കൈയെടുത്താണ് ചൊക്കനയുടെ പഴയ ഫുട്ബാൾ പ്രതാപം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഹാരിസൺ എസ്റ്റേറ്റ് ഉദ്യോഗസ്ഥനായ അജിത്തും പൂര്‍ണപിന്തുണ നല്കി ഇവര്‍ക്കൊപ്പമുണ്ട്. മുപ്പതുവര്‍ഷം മുമ്പുവരെ കാല്‍ക്കരുത്തുകൊണ്ട് ജില്ലയിലെ മൈതാനങ്ങളെ വിറപ്പിച്ചിരുന്ന ചൊക്കന ടീം വൈകാതെ വീണ്ടും പിറവിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.