

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആനച്ചമയങ്ങളുടെ ഒരുക്കം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് പകല്‍ ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും തലയുയര്ത്തിനില്ക്കുന്ന കൊമ്പന്മാര്ക്ക് ഏഴഴകാണ് നെറ്റിപ്പട്ടങ്ങള്‍. പകല്‍ ശീവേലിക്ക് സൂര്യപ്രകാശവും രാത്രി എഴുന്നള്ളിപ്പിന് തീപ്പന്തങ്ങളുടെ വെളിച്ചവും നെറ്റിപ്പട്ടങ്ങള്‍ക്ക് സ്വര്ണശോഭയേറും. ഒരു നെറ്റിപ്പട്ടത്തില്‍ മാത്രം ചെറുതും വലുതുമായി എണ്ണായിരത്തിന് മുകളില്‍ കുമിളകളുണ്ടാവും.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉള്‍പ്പടെ ഏഴ് ആനകള്‍ക്ക് തനി തങ്കത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെഞ്ചാമരത്തിന്റെ പിടിയും സ്വര്‍ണനിര്‍മിതമാണ്. മറ്റ് പത്ത് ആനകള്‍ക്ക് മേല്‍ത്തരം വെള്ളിചമയങ്ങളാണ് ഉപയോഗിക്കുന്നത്.
സ്വര്‍ണകോലവും സ്വര്‍ണത്തിലുള്ള അഞ്ച് വലിയ നെറ്റിപ്പട്ടങ്ങളും ഉള്ളാനകള്ക്കുള്ള രണ്ട് ചെറിയ നെറ്റിപ്പട്ടങ്ങളും പത്ത് വെള്ളി നെറ്റിപ്പട്ടങ്ങളും ദേവസ്വത്തിന് സ്വന്തമായിട്ടുണ്ട്. കോലത്തില്‍ ഭഗവാന്റെ രൂപമുള്ള ഗോളകയും തിടമ്പ് വെക്കാനുള്ള സ്ഥലവും കഴിഞ്ഞാല്‍ ബാക്കി ഭാഗം സ്വര്ണപ്പൂക്കളാൽ അലങ്കരിച്ചിട്ടുണ്ട്.
സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളകകള്‍, വട്ടക്കിണ്ണം, കൂമ്പന്‍ കിണ്ണം, എടക്കിണ്ണം, ചന്ദ്രക്കല, നാഗപടം, അരുക്കവടികള്‍, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകള്‍ എന്നിവയെല്ലാം തന്നെ തനി സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്തതാണ്.
കോലത്തിന് മുകളില്‍ സ്വര്ണമകുടവുമുണ്ട്. നെറ്റിപ്പട്ടങ്ങള്‍ പുതിയ പട്ടുനൂലും പട്ടും ഉപയോഗിച്ച് കച്ചയും തുന്നിച്ചേര്‍ത്ത് ഭംഗിയാക്കി.