

പറയൻതോട് തച്ചുടപറമ്പ് മേഖലയിൽ മാലിന്യം അടിഞ്ഞുകൂടി കാടുപിടിച്ച നിലയിൽ
ചാലക്കുടി: വർഷകാലത്ത് പുഴയിലേക്ക് ചാലക്കുടി നഗരസഭ പ്രദേശത്തെ അധികജലം ഒഴുക്കി വിടുന്ന പറയൻതോട് മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നഷ്ടപ്പെട്ട നിലയിൽ തുടരുന്നു. ചേറും ചളിയും കുളവാഴകളടക്കം നിറഞ്ഞ് വിവിധ തരത്തിൽ കാടുപിടിച്ച് കിടക്കുകയാണ് നഗരത്തിലെ ഈ പ്രധാന തോട്.
പ്രത്യേകിച്ച് തച്ചുടപ്പറമ്പ് മുതൽ തോടിന്റെ ഒഴുക്കിന് വലിയ തടസ്സമാണ് നേരിട്ടിട്ടുള്ളത്. തച്ചുടപ്പറമ്പ്, വി.ആർ പുരം പ്രദേശങ്ങളിൽനിന്നുള്ള തോടുകൾ പറയൻതോട്ടിലേക്ക് വെള്ളം ഒഴുക്കിവിടാൻ ഒരുക്കിയിട്ടുണ്ടെങ്കിലും പറയൻതോടിനെ ശുചീകരിക്കാൻ നഗരസഭ ഇതുവരെ ഒരുങ്ങിയിട്ടില്ല. ഇത് ശുചീകരിച്ചില്ലെങ്കിൽ നഗരത്തിൽ ഗുരുതര വെള്ളക്കെട്ടുകൾ ഉണ്ടാകും.
2018ലെ പ്രളയകാലത്ത് പറയൻതോടിൽ തടസ്സമുണ്ടായതിനാൽ ഗുരുതര പ്രശ്നങ്ങളാണ് ഉണ്ടായത്. ഇത് തിരിച്ചറിഞ്ഞ നഗരസഭ തുടർവർഷങ്ങളിൽ തോട് ശുചീകരണം വളരെ ഗൗരവത്തോടെ കണ്ടിരുന്നു. മഴക്കാലത്തിന് മുമ്പ് മണ്ണുമാന്തി ഉപയോഗിച്ച് പറയൻതോട് ശുചീകരിക്കാറുണ്ട്. എന്നാൽ ഇത്തവണ കാലവർഷം അടുത്തിട്ടും നഗരസഭ ചാലക്കുടിയിലെ പ്രധാന തോടിന്റെ ശുചീകരണം നടത്തിയില്ലെന്നാണ് പരാതി.
ചാലക്കുടി നഗരസഭയിലെ മഴക്കാല പൂര്‍വ ശുചീകരണം അവതാളത്തിലാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാരില്‍നിന്ന് മഴക്കാല പൂര്‍വ ശുചീകരണ ഭാഗമായി ആവശ്യമായ പ്രവൃത്തികള്‍ രേഖാമൂലം എഴുതി വാങ്ങുകയും ജെ.സി.ബി ഉള്‍പ്പെടെ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ നടപടികളിലൂടെ കരാറുകാരെ ഏൽപിക്കുകയുമാണ് പതിവ്. എന്നാൽ മേയ് ആരംഭിച്ചിട്ടും കൗണ്‍സിലര്‍മാരില്‍ നിന്നും പ്രവൃത്തികള്‍ എഴുതി വാങ്ങുന്ന നടപടി പോലും തുടങ്ങിയിട്ടില്ലെന്നാണ് ആരോപണം.
ആകെ നടക്കുന്നത് ചില വാർഡുകളിലെ പുല്ലുവെട്ടല്‍ മാത്രമാണ്. അമ്പതോളം പുല്ലുവെട്ട് മെഷീനുള്ള നഗരസഭയില്‍ പ്രവര്‍ത്തിപ്പിക്കുന്നത് പേരിന് രണ്ടെണ്ണം മാത്രം. ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് വേണ്ടത് ചെയ്യാൻ നഗരസഭക്ക് കഴിയുന്നില്ല.