

കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ കടലിൽ വീണു മരിച്ചു. മുറ്റിച്ചൂർ സ്വദേശി കുരിക്കപ്പീടിക വീട്ടിൽ നാസർ-ഷാഹിറ ദമ്പതികളുടെ മകൻ അഷ്ഫാഖാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കമ്പനിക്കടവിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം. നാലു വയസ്സുകാരനായ മൂത്തസഹോദരനൊപ്പം അയൽവീട്ടിലേക്ക് പോയതായിരുന്നു. ഇതിനിടെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കുട്ടി വീടിനു സമീപത്തെ വഴിയിലൂടെ കടലിൽ ഇറങ്ങുകയായിരുന്നുവെന്ന് കരുതുന്നു.
കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ കുട്ടിയെ നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ പ്രഥമ ശുശ്രൂഷ നൽകി ചെന്ത്രാപ്പിന്നിയിലെ അൽ ഇക്ബാൽ ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ എ.ആർ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.