തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. കയ്യാങ്കളിയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ മേയര്‍ പൂഴ്ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ടൂറിസ്റ്റ് ഹോം വിഷയം ചര്‍ച്ചയ്‌ക്കെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയര്‍ന്നത്.രാവിലെ കൗണ്‍സില്‍ യോഗത്തിന് പ്രതിപക്ഷം ‘ബിനി ടൂറിസ്റ്റ് ഹോം’ അഴിമതി വിജിലന്‍സ് അന്വേഷിക്കുക എന്ന പ്ലക്കാര്‍ഡോടെയാണ് കോര്‍പറേഷനിലേക്ക് എത്തിയത്. മതിയായ അനുമതിയില്ലാതെയാണ് കോര്‍പറേഷന്‍ അനുമതിയില്ലാതെ ടൂറിസ്റ്റ് ഹോം കെട്ടിടം പൊളിച്ചെന്നും അഴിമതി നടത്തിയിട്ടുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ബന്ധപ്പെട്ട ഫയല്‍ മേയര്‍ നല്‍കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.ടൂറിസ്റ്റ് ഹോമിലെ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ക്ക് ആരാണ് അനുമതി നല്‍കിയത്, കോര്‍പറേഷന്റെ കൊള്ള അവസാനിപ്പിക്കുക, തുടങ്ങിയവ പ്രതിപക്ഷം ഉന്നയിച്ചു. സിപിഐഎം കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷത്തെ വനിതാ കൗണ്‍സിലര്‍മാരെ കൈവച്ചെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതുമായി ബന്ധപ്പെട്ട് കോര്‍പറേഷന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.