അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 70കാരന് 14 വര്‍ഷം കഠിന തടവ്

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 70കാരന് 14 വര്‍ഷം കഠിന തടവ്

തൃശൂര്‍: വീട്ടില്‍ നോക്കാനേൽപിച്ച അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 70കാരനെ 14 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കിള്ളന്നൂര്‍ പൂമല സ്വദേശി പുതുശേരി വീട്ടില്‍ ജോസ് എന്ന ഔസേഫിനെയാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്.

2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ വിദേശത്താണ്. അച്ഛന് ജോലിക്ക് പോകേണ്ടതിനാലാണ് കുട്ടിയെ നോക്കാൻ ഔസേഫിനെ ഏൽപിച്ചത്. ഇതിന് ഇയാള്‍ക്ക് മാസവേതനവും നല്‍കിയിരുന്നു. തനിക്ക് വാര്‍ധക്യസംബന്ധമായ അസുഖങ്ങളും ആസ്ത്മയും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി കോടതിയില്‍ അപേക്ഷിച്ചു.

എന്നാല്‍, സംരക്ഷകനാകേണ്ട പ്രതിക്ക് ഇരയായ കുഞ്ഞ് തന്‍റെ മുത്തച്ഛന്‍റെ സ്ഥാനമാണ് നല്‍കിയിരുന്നതെന്നും നിഷ്കളങ്കയായ പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ച പ്രതിയുടെ പ്രവൃത്തി അതിക്രൂരവും മാപ്പര്‍ഹിക്കാത്തതുമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രതിക്കുള്ള ശിക്ഷ സമൂഹത്തിനുതന്നെ സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലിജി മധു ഹാജറായി. 2018ല്‍ വിയ്യൂര്‍ പൊലീസാണ് ചൈല്‍ഡ്ലൈന്‍ റിപ്പോര്‍ട്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Comment