

മാള: മാള കുഴൂർ തിരുമുകുളത്തെ ആറു വയസ്സുകാരന്റേത് നിഷ്ഠുര കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പ്രതി ജോജോയുടെ (22) അറസ്റ്റ് വ്യാഴാഴ്ച അർധരാത്രിയോടെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച ഉച്ചക്കുശേഷം പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചെങ്കിലും വലിയ തോതിൽ ജനരോഷമുണ്ടായി. ഇതേ തുടർന്ന് അര മണിക്കൂർകൊണ്ട് തെളിവെടുപ്പ് പൂർത്തീകരിച്ച് പൊലീസ് സംഘം പ്രതിയുമായി മടങ്ങി.
തിരുമുകുളം ഗ്രാമത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയോടെ ആറു വയസ്സുകാരന്റെ മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ച 7.30ന് താണിശ്ശേരി സെന്റ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിലായിരുന്നു സംസ്കാരം. നിറഞ്ഞ കണ്ണുകളോടെ വൻ ജനാവലിയാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ആറു വയസ്സുകാരനെ കാണാതാകുന്നത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ ബാലൻ തിരിച്ചുവരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതക വാർത്ത പുറത്തറിഞ്ഞത്. രാത്രി ഒമ്പതോടെയാണ് വീടിനടുത്ത പാടശേഖരത്തിനടുത്ത കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരുടെ മൊഴിയിൽ കുട്ടി വൈകുന്നേരം വരെ വീടിനടുത്ത പാടശേഖരത്തിൽ കളിക്കുകയായിരുന്നെന്ന് അറിഞ്ഞ പൊലീസ് ഈ സമയം സ്ഥലത്തുണ്ടായിരുന്ന അയൽവാസികൂടിയായ ജോജോയെ ചോദ്യംചെയ്തു. പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. തുടർന്ന് അഗ്നിരക്ഷാസംഘവുമായി കുളത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ലൈംഗികപീഡനശ്രമം ചെറുത്തതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. ചാമ്പക്ക നൽകാമെന്നു പറഞ്ഞ് കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ജോജോ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തപ്പോൾ ദേഷ്യം വന്ന പ്രതി മർദിക്കുകയും ശ്വാസംമുട്ടിച്ച് കുളത്തിൽ തള്ളിയിടുകയുമായിരുന്നു. ഒരുവട്ടം കുട്ടി രക്ഷപ്പെട്ട് കരയിലേക്കു വന്നുവെങ്കിലും പ്രതി കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ വീണ്ടും ക്രൂരമായി വെള്ളത്തിലേക്ക് തള്ളിയിട്ട് കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. ജോജോ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ്. ബൈക്ക് മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.